Skip to main content

കോട്ടയത്തെ ഡച്ചു സ്കൂളിന്റെ ചരിത്രം

ഓർമ്മത്താളിൽ മങ്ങിപ്പോയ ഒലന്തക്കളരി.
(കോട്ടയത്തെ ഡച്ചു സ്കൂളിന്റെ ചരിത്രം)
350-ാം വാർഷിക സെമിനാർ പ്രബന്ധം.കേരളത്തിൽ വൈദേശികആധിപത്യത്തിന്റെ കാലഘട്ടത്തിലുണ്ടായ സംസ്കാരിക സമന്വയത്തിന്റെ നല്ല ഫലങ്ങൾ ഉളവായത് പ്രധാനമായും വിദ്യാഭ്യാസ മേഖലയിലാണെന്നത് തർക്കമറ്റ വസ്തുതയാണ്. ബ്രിട്ടീഷ് ആധിപത്യത്തിൻ കീഴിൽ കഴിഞ്ഞ ഒന്നര നൂറ്റാണ്ടു കൊണ്ട് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഇംഗ്ലീഷ് ഭാഷയ്ക്ക് പ്രാമുഖ്യം കൈവന്നിരുന്നു. മദ്രാസ് പ്രസിഡൻസിയുടെ ഭാഗമെന്ന നിലയിൽ മലബാറിലും മേൽക്കോയ്മ എന്ന നിലയിൽ തിരുവിതാംകൂറിലുമുണ്ടായിരുന്ന ബ്രിട്ടീഷ് ഭരണസ്വാധീനം, അതതിടങ്ങളിൽ ആംഗ്ലിക്കൻ മിഷണറിമാർ വിദ്യാഭ്യാസരംഗത്ത് പ്രത്യേകിച്ച് ഭാഷാപഠന രംഗത്ത് മികച്ച സംഭാവനകൾ കാഴ്ചവയ്ക്കുന്നതിനുള്ള സാഹചര്യമുളവാക്കി. മലബാറിൽ ബാസൽ മിഷനും ദക്ഷിണ തിരുവിതാംകൂറിൽ എൽ.എം.എസും മദ്ധ്യതിരുവിതാംകൂറിൽ പ്രത്യേകിച്ച് കോട്ടയത്ത് സി.എം.എസും ഈ മേഖലയിൽ ചെയ്ത പ്രവർത്തനങ്ങൾ നിലവിൽ പഠനവിധേയമായിട്ടുള്ളതാണ്.
കോട്ടയത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി AD 1817-ൽ കോളജ് ആരംഭിച്ചതും സി.എം.എസ് കോളജായി വളർന്ന് രണ്ടു നൂറ്റാണ്ടുകാലമായി വിദ്യാഭ്യാസരംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നതും ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തിയിട്ടുള്ളതാണ്. എന്നാൽ മുന്നൂറ്റൻപതു വർഷങ്ങൾക്കു മുമ്പ് കൃത്യമായി പറഞ്ഞാൽ AD 1668ൽ കോട്ടയത്ത് യൂറോപ്യൻ ഭാഷാപഠനത്തിന് തുടക്കം കുറിച്ച് ഡച്ചുകാർ മുൻകൈയെടുത്ത് ഒരു ചെറിയ സ്കൂൾ ആരംഭിച്ചത് കേരള ചരിത്രത്തിൽ ഒരിടത്തും രേഖപ്പെടുത്താതെ പോയതിനാൽ തികച്ചും അജ്ഞാതമായി തന്നെ അവശേഷിക്കുകയായിരുന്നു.
ഹെർമൻ ഹാസൻ കാംപ് എന്ന ഡച്ചു ഭാഷാ പണ്ഡിതൻ ആരംഭിച്ച പരിഭാഷകർക്കായുള്ള സ്കൂളിനെ കുറിച്ചുള്ള വിവരങ്ങൾ കൊച്ചിയിലെ ഡച്ചു കമാൻഡറും, ഹോർത്തൂസ് മലബാറിക്കുസ് ഇൻഡിക്കസ് എന്ന സസ്യ ശാസ്ത്രഗ്രന്ഥത്തിന്റെ രചനയ്ക്ക് നേതൃത്വം കൊടുത്ത വ്യക്തിയുമായ ഹെൻറിക് ആഡ്രിയൻ വാൻറീഡിനെ കുറിച്ച് ജെ.ഹെന്നിഗർ എഴുതിയ ജീവചരിത്രഗ്രന്ഥത്തിൽ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഈ ഗ്രന്ഥത്തിൽ നിന്ന് ലഭ്യമായ വിവരങ്ങളെ മുന്നൂറ്റൻപത് വർഷങ്ങൾക്ക് മുമ്പ് തെക്കുംകൂർ നാട്ടുരാജ്യത്തിന്റെ ഭരണ തലസ്ഥാനമായിരുന്ന കോട്ടയത്തെ സാഹചര്യങ്ങളുമായി ഒത്തുചേർത്ത് എത്തിയ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് സ്കൂളിന്റെ സ്ഥാപനചരിത്രവും സംഭാവനകളും ഇവിടെ സംവദിക്കപ്പെടുന്നത്.
2018 ഡിസംബർ 15ന് കോട്ടയം ബസേലിയോസ് കോളജ് മലയാള വിഭാഗവുമായി ചേർന്ന് കോട്ടയം നാട്ടുകൂട്ടം ചരിത്ര- പൈതൃകപഠനവേദി സംഘടിപ്പിച്ച കോട്ടയത്തെ ഡച്ച് സ്കൂളിന്റെ 350-ാം വാർഷികത്തിൽ നടന്ന ചരിത്ര സെമിനാറിൽ വച്ച് ലേഖകൻ ഡച്ചു സ്കൂളിന്റെ സ്ഥാപന ചരിത്രം പ്രബന്ധമായി അവതരിപ്പിച്ചു. പ്രസ്തുത ചരിത്രാന്വേഷണത്തിലെ പ്രസക്തമായ ഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു ലേഖനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
ഡച്ചുകാരുടെ കേരളാഗമനവും വ്യാപാര ബന്ധങ്ങളും.
കേരളതീരത്ത് ഡച്ചു ശക്തി സ്വാധീനമുറപ്പിക്കുന്നത് AD 1661 മുതൽ 1663 വരെയുള്ള കാലയളവിലാണ്. പോർച്ചുഗീസുകാരുടെ മേൽക്കോയ്മയിലും ഭീഷണിയിലും നാട്ടുരാജ്യങ്ങൾ ഞെരുങ്ങിക്കഴിഞ്ഞിരുന്ന ഒരു കാലഘട്ടത്തിന് അന്ത്യം കുറിക്കുന്നത് പോർച്ചുഗീസ്കാർക്കെതിരെ ഡച്ചുകാർ നേടിയ വിജയത്തോടെയായിരുന്നു.
കൊച്ചിക്കോട്ടയിലിരുന്ന് കൊച്ചിരാജ്യഭരണത്തിൽ പോർച്ചുഗീസുകാരുടെ അതിരുകടന്നുള്ള കൈകടത്തലുകൾ ഉളവാക്കിത്തീർത്ത അസ്വാരസ്യങ്ങളാണ് ഡച്ചുകാരുടെ കടന്നുവരവിന് ഇടയാക്കിത്തീർത്തത്. കൊച്ചി രാജവംശത്തിലെ അനന്തരാവകാശിയെ തീരുമാനിക്കുന്നതിൽ ഇടപെട്ട് തങ്ങൾക്ക് താൽപര്യമുള്ള വെട്ടത്തു സ്വരൂപത്തിലെ രാജകുമാരനെ കൊച്ചിരാജാവായി വാഴിക്കാൻ പോർച്ചുഗീസുകാർ ശ്രമിച്ചത് യഥാർത്ഥ കിരീടാവകാശിയായ മൂത്ത താവഴിയിലെ വീരകേരളവർമ്മയെയും കൊച്ചിയിലെ പ്രധാനമന്ത്രിയായ പാലിയത്ത് കോമിയച്ചനെയും ചൊടിപ്പിച്ചു.
പാലിയത്ത് കോമിയച്ചൻ പറങ്കികളെ നിഷ്കാസനം ചെയ്യുന്നതിനായി തെക്കുംകൂർ, വടക്കുംകൂർ തുടങ്ങിയ രാജ്യങ്ങളുടെ സഹായം ഉറപ്പാക്കിയതിന് ശേഷം ഡച്ച് ഗവർണറായ വാൻ ഗൂൺസിനെ സന്ദർശിച്ച് പിന്തുണ അഭ്യർത്ഥിച്ചു. മലബാർ തീരത്തെ പോർച്ചുഗീസ് കച്ചവടക്കുത്തക തകർക്കാൻ ഉന്നം നോക്കിയിരുന്ന ഡച്ചു ഈസ്റ്റ് ഇന്ത്യാ കമ്പനി(V0C) കൊളംബോയിൽനിന്ന് സർവ്വസന്നാഹങ്ങളോടെ എത്തി കൊടുങ്ങല്ലൂരും പള്ളിപ്പുറത്തും കൊച്ചിയിലുമുള്ള പോർച്ചുഗീസ് കോട്ടകൾ ആക്രമിച്ച് കീഴ്പ്പെടുത്തി. വീരകേരളവർമ്മയെ കൊച്ചിയിലെ രാജാവായി അവരോധിച്ചു. മുഴുവൻ പോർച്ചുഗീസുകാരെയും ഈശോസഭാ പുരോഹിതരെയും കെട്ടുകെട്ടിച്ച ശേഷം കൊച്ചിയിലെ വ്യാപാരരംഗത്ത് സ്വാധീനമുറപ്പിച്ചു. അതിനു ശേഷം വിവിധ നാട്ടുരാജ്യങ്ങളുമായി നീണ്ടുനിൽക്കുന്ന കച്ചവടക്കരാറുകൾ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
AD 1663- 64 കാലഘട്ടങ്ങളിൽ പുറക്കാട് (ചെമ്പകശ്ശേരി), തെക്കുംകൂർ, വടക്കുംകൂർ രാജ്യങ്ങളുമായി വ്യാപാര ഉടമ്പടികൾ ഉണ്ടാക്കി. AD 1664 ജൂൺ 11 ന് തെക്കുംകൂർ ആസ്ഥാനമായ കോട്ടയത്തെ തളിക്കോട്ടയിലെ ഇടത്തിൽ കൊട്ടാരത്തിൽ വച്ച് ഡച്ചു ക്യാപ്റ്റനായ ലുഡോൾഫ് വാൻ കൗൾസ്റ്ററും ( Ludolf Van Coulster) തെക്കുംകൂർ രാജാവായ കോതവർമ്മയും ചേർന്ന് ഒപ്പിട്ട കരാർ പ്രകാരം തുടർന്നുവരുന്ന പത്തു വർഷത്തേക്ക് തെക്കുംകൂർ രാജ്യത്ത് വിളയുന്ന കുരുമുളക്, കറുവപ്പട്ട, ചുക്ക്, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാരകുത്തക ഡച്ചു ഈസ്റ്റ് ഇന്ത്യ കമ്പനി (VOC)യിൽ നിക്ഷിപ്തമായി. ഇന്ന് താഴത്തങ്ങാടി എന്നറിയപ്പെടുന്ന കോട്ടയത്തങ്ങാടി (Basaar Cottate)യിൽ സംഭരിക്കുന്ന കിഴക്കൻ മലഞ്ചരക്കുകൾ അവിടെനിന്ന് ജലയാനങ്ങളിൽ പുറക്കാട്, കൊച്ചി എന്നീ തുറമുഖങ്ങളിൽ എത്തിക്കുന്നതിന് കൊങ്ങിണിവ്യാപാരികൾ നേതൃത്വപരമായ പങ്കുവഹിച്ചു.
ഈ വ്യാപാരം പുരോഗമിക്കുന്നതിനിടയിലുണ്ടായ ഒരു പ്രശ്നം ഭാഷാവിനിമയത്തിന്റേതായിരുന്നു. മുൻകാലങ്ങളിൽ സുറിയാനി, അറബി ഭാഷകളിൽ കച്ചവടക്കാരായ നസ്രാണികൾക്കും മുഹമ്മദീയർക്കും പ്രാവീണ്യമുണ്ടായിരുന്നതിനാൽ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ വ്യാപാരികളുമായി സംവദിക്കാനായെങ്കിലും യൂറോപ്യൻ ഭാഷകളിലുണ്ടായിരുന്ന അജ്ഞത ഇതോടെ വലിയ ബുദ്ധിമുട്ടുകൾക്ക് ഇടയാക്കിത്തീർത്തു. ഇടയ്ക്കിടെ എത്തുന്ന ഡച്ചു ഉദ്യോഗസ്ഥരും ക്യാപ്റ്റൻമാരും കൊച്ചിയിൽനിന്ന് ഒപ്പം കൂട്ടിയിരുന്ന തുപ്പായി (ദ്വിഭാഷി)മാരാണ് പരിഭാഷകരായി ഇടയിൽനിന്നത്. പ്രായോഗികമായ വലിയ ബുദ്ധിമുട്ടുകൾ ഇതിനെല്ലാമുണ്ടായിരുന്നു.
ഒലന്തക്കളരി പിറവിയെടുക്കുന്നു.
കൊച്ചിക്കോട്ട ആസ്ഥാനമാക്കി ഡച്ചുകാർ സ്വാധീനമുറപ്പിച്ചതിന് പിന്നാലെ പോർച്ചുഗീസുകാർ ഇവിടെ പ്രചരിപ്പിച്ച മതവീക്ഷണത്തെ പുറന്തള്ളുന്നതിനും പകരം ആസ്ഥാനത്ത് തങ്ങളുടേതായ കാൽവിയൻ പ്രൊട്ടസ്റ്റന്റ് വീക്ഷണത്തെ സ്ഥാപിക്കുന്നതിനുമായി ശ്രമങ്ങൾ ആരംഭിച്ചു. അതിന്റെ ഭാഗമായി നിരവധി ഡച്ചുപുരോഹിതർ കേരളത്തിലെ സുറിയാനി ക്രൈസ്തവരെ സ്വാധീനിക്കുന്നതിനായി എത്തിച്ചേർന്നു. കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമുണ്ടായിരുന്ന കത്തോലിക്കാ സ്വാധീനത്തെ തങ്ങളാൽ അഴിക്കാൻ കഴിയില്ല ബോധ്യപ്പെട്ടതിനാലാവാം വന്നെത്തിയ പുരോഹിതർ കത്തോലിക്കാ സ്വാധീനം കുറഞ്ഞ മറ്റു ദേശങ്ങളിലേയ്ക്ക് പ്രവർത്തനങ്ങൾ വ്യാപിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമിടുന്നത്.
അത്തരത്തിലാണ് രണ്ടു ഡച്ചു പുരോഹിതൻ താരതമ്യേന കത്തോലിക്ക സ്വാധീനം കുറഞ്ഞ കോട്ടയത്ത് തങ്ങളുടെ ഉദേശലക്ഷ്യങ്ങൾ നടപ്പിലാക്കാമെന്ന മോഹത്തോടെ എത്തിച്ചേരുന്നത്. മാർക്കസ് മാഷ്യസ് (Marcus Mashius), ജൊഹന്നാസ് കസേറിയസ് (Johannus Caserious) എന്നീ ഡച്ചു ചാപ്ലയിൻമാർ കോട്ടയം സന്ദർശിക്കുകയും കോട്ടയത്തെ നസ്രാണികൾക്കിടയിൽ തങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. ക്രിസ്തുമതത്തിലെ നവീകരണ ആശയങ്ങൾ സ്വതവേ പാരമ്പര്യവാദികളായ സുറിയാനി ക്രിസ്ത്യാനികൾക്ക് ഉൾക്കൊള്ളാനാവാതെ പോയതുകൊണ്ടോ, ഭാഷാവിനിമയത്തിലുണ്ടായ അപൂർണ്ണത കൊണ്ടോ തങ്ങളുടെ ലക്ഷ്യം നടപ്പിലാക്കാനാവാതെ അവർ തൽക്കാലം പിന്തിരിഞ്ഞു. എന്നാൽ തിരിച്ചുപോകും മുമ്പ് അവർ തെക്കുംകൂർ രാജാവിനെ സന്ദർശിച്ച് കോട്ടയത്തെ നസ്രാണികളെ കുറച്ച് ലത്തീൻ പഠിപ്പിക്കുന്നതിനായി ഒരു സ്കൂൾ ആരംഭിക്കുന്നതിനായുള്ള അനുമതി തേടി.
യൂറോപ്യൻഭാഷകളിൽ പരിജ്ഞാനമില്ലാത്തതിനാൽ വ്യാപാരരംഗത്ത് നേരിടുന്ന പ്രശ്നങ്ങൾ തിരിച്ചറിഞ്ഞിരുന്ന കോതവർമ്മരാജാവ് ഇത് നല്ല അവസരമായി തന്നെ കരുതി. തികഞ്ഞ ഒരു സംസ്കൃതപണ്ഡിതൻ കൂടിയായിരുന്നു ഈ രാജാവ്. രാജാവിൽനിന്ന് സ്കൂൾ ആരംഭിക്കുന്നതിനായുള്ള അനുമതി നേടിയ ഡച്ചുപാതിരിമാർ
കൊച്ചിയിലെത്തി അന്നത്തെ കമാൻഡർ ആയിരുന്ന ഹെൻറിക് വാൻറീഡിനെ വിവരങ്ങൾ ധരിപ്പിച്ചു.

വാൻറീഡാകട്ടെ സ്വയം താൽപര്യമെടുത്ത് കേരളത്തിലെ സസ്യജാലങ്ങളെ പരിചയപ്പെടുത്തുന്ന സചിത്രവിവരണത്തോടു കൂടിയ ഒരു ഗ്രന്ഥം പുറത്തിറക്കുന്നതിനുള്ള പ്രാരംഭപ്രവർത്തനങ്ങളിലായിരുന്നു. കോട്ടയത്ത് ഒരു സ്കൂൾ ആരംഭിച്ചാൽ ഈ ഗ്രന്ഥത്തിന്റെ രചനയ്ക്ക് സഹായകരമാകും എന്ന വാൻറീഡിന്റെ തിരിച്ചറിവ് സ്കൂൾ സ്ഥാപിക്കപ്പെടുന്നതിന് പ്രചോദനമായി.
ഹെർമൻ ഹാസൻകാംപ് എന്ന ഒരു വിരമിച്ച പട്ടാള ഉദ്യോഗസ്ഥൻ വിവിധ ദക്ഷിണേന്ത്യൻ ഭാഷയിലും സിംഹളഭാഷയിലും പ്രാവിണ്യമുള്ള വ്യക്തിയായിരുന്നു. ഹാസൻകാംപിനെ സംസ്കൃതം അഭ്യസിപ്പിക്കണം എന്നത് വാൻ റീഡിന്റെ പ്രത്യേക താൽപര്യം കൂടിയായിരുന്നു. ഔഷധസസ്യങ്ങളെപ്പറ്റി കൂടുതലായി അറിയുന്നതിനും ആയുർവേദം മനസിലാക്കുന്നതിനും സംസ്കൃതത്തിലുള്ള പ്രാവീണ്യം ആവശ്യമാണെന്ന് വാൻറീഡ് തിരിച്ചറിഞ്ഞിരുന്നു. സംസ്കൃതപഠനത്തിന് പ്രായേണ മുൻതൂക്കവും അതിനായി നിരവധി പാഠശാലകളുമുള്ള തെക്കുംകൂറിലേയ്ക്ക് ഹാസൻകാംപിനെ അയയ്ക്കാൻ വാൻറീഡ് തീരുമാനിച്ചത് ഈ പശ്ചാത്തലത്തിലാണ്. തദവസരത്തിലാണ് ഡച്ച്, ലത്തീൻ ഭാഷകൾ നാട്ടുകാരെ പഠിപ്പിക്കുന്നതിനായുള്ള സ്കൂൾ തുടങ്ങണമെന്ന് കോട്ടയത്ത് നിന്നും വന്നെത്തിയ ഡച്ചു ചാപ്ലയിൻമാരാൽ നിർദ്ദേശിക്കപ്പെടുന്നത്.
തുടർന്ന് വാൻറീഡിന്റെ നിർദ്ദേശപ്രകാരം ഹെർമൻ ഹാസൻകാംപ് കോട്ടയത്തെത്തി കോതവർമ്മയെ സന്ദർശിക്കുകയും തനിക്കായി സംസ്കൃതപഠനത്തിനുള്ള സൗകര്യം ഒരുക്കിത്തന്നാൽ പകരമായി ഡച്ച്, ലത്തീൻ ഭാഷകൾ നാട്ടുകാരെ പഠിപ്പിക്കുന്നതാണെന്ന് വാഗ്ദാനം ചെയ്തു. സന്തുഷ്ടനായ രാജാവ് തളിക്കോട്ടയുടെ സമീപം സ്കൂളിനായുള്ള സൗകര്യം ഒരുക്കിക്കൊടുത്തു. നാട്ടുകാർ ഡച്ചുകാരെ ഒലന്തക്കാർ (ഹോളണ്ടുകാർ) എന്നു വിളിച്ചിരുന്നതിനാൽ സ്കൂൾ നാട്ടുകാരാൽ ഒലന്തക്കളരി എന്നു വിളിക്കപ്പെട്ടിരുന്നു എന്ന ഒരു സൂചന വാമൊഴിയായി ലഭ്യമായിട്ടുണ്ട്.
പരിഭാഷകർക്കായുള്ള ബഹുഭാഷാ സ്കൂൾ
AD 1668ൽ ഹെർമൻ ഹാസൻ കാംപ് അവബോധകനായി ആരംഭിച്ച സ്കൂളിൽ ഡച്ച്, ലത്തീൻ, മലയാളം, സംസ്കൃതം എന്നീ ഭാഷകളിലാണ് പഠനം നടന്നിരുന്നത്. നാട്ടുകാരായ ക്രിസ്ത്യാനികളും ബ്രാഹ്മണരും ഡച്ചും ലത്തീനും അഭ്യസിച്ചപ്പോൾ ചേറ്റുവാ,കൊടുങ്ങല്ലൂർ, കൊച്ചി, പുറക്കാട്, കായങ്കുളം, കൊല്ലം തുടങ്ങിയ ഡച്ചു സംഭരണശാലകളിൽ ജോലി ചെയ്തിരുന്ന ഡച്ചു ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യേഗസ്ഥരായ ഡച്ചുയുവാക്കൾ സംസ്കൃതം, മലയാളം എന്നീ ഭാഷകളിൽ പഠനം തുടങ്ങി. ഈ സ്കൂളിനെ സംബന്ധിച്ചിടത്തോളം ഭാഷാപഠനം വ്യാപാരരംഗത്തെ ആശയവിനിമയത്തെ ലക്ഷ്യമിട്ട് ആയിരുന്നതിനാൽ വ്യാപാരരംഗത്തെ പ്രമുഖരായിരുന്ന കൊങ്കണി (ഗൗഡസാരസ്വതർ) ആകാം ബ്രാഹ്മണർ എന്ന് ഹെനിഗറുടെ ഗ്രന്ഥത്തിൽ പരാമർശവിധേയരാകുന്നത്.
തെക്കുംകൂർ രാജാവ് ഈ സ്കൂളിൽ സംസ്കൃതത്തിൽ ക്ലാസ്സുകൾ എടുത്തിരുന്നത് വാൻറീഡിന് വിസ്മയകരമായ അനുഭവമായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുള്ളതായി പ്രസ്തുത ഗ്രന്ഥത്തിൽ കാണുന്നു.
AD 1670 നവംബർ 2 ന് വാർദ്ധക്യസഹജമായ രോഗങ്ങൾ മൂർച്ചിച്ച് ഹെർമൻ ഹാസൻകാംപ് കോട്ടയത്തു വച്ച് അന്തരിച്ചു. വിസ്ഡോർപയസ് എന്ന ഡച്ചു പണ്ഡിതനാണ് സ്കൂളിന്റെ അവബോധകനായി (Percepter) തുടർന്നു ചുമതലയേൽക്കുന്നത്. സ്കൂൾ സ്ഥാപനത്തിന് കാരണക്കാരനായ ജൊഹന്നാസ് കസേറിയസ് എന്ന പാതിരി തന്നെയാണ് സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നതും. ഡച്ചു വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രദേശത്ത് താമസിക്കുന്നതിനാവശ്യമായ സൗകര്യങ്ങളും തെക്കുംകൂർ രാജാവ് ഒരുക്കി കൊടുത്തിരുന്നതായി കരുതാം.
തെക്കുംകൂറിന്റെ ഡച്ചു വ്യാപാരബന്ധങ്ങളും കോട്ടയത്തിന്റെ വളർച്ചയും.
AD 1674ൽ അന്നത്തെ തെക്കുംകൂർ രാജാവായിരുന്ന കോത വർമ്മ നാടുനീങ്ങി. അനന്തരം പിൻഗാമിയായ ഉണ്ണിക്കേരള വർമ്മ (ഭരണകാലം AD1674- 1691) അധികാരത്തിലെത്തി. ആ വർഷം തന്നെയാണ് ഡച്ചു വ്യാപാരക്കരാർ പുതുക്കുന്നതും. അക്കാലത്ത് തെക്കുംകൂറിന്റെ പടിഞ്ഞാറൻ മേഖലയിലെ ആസ്ഥാനമായിരുന്ന ഒളശ്ശയിലെ പൈങ്ങുളത്ത് കൊട്ടാരത്തിൽ വച്ചാണ് പുതുക്കിയ കരാർ ഒപ്പുവയ്ക്കപ്പെടുന്നത്. വേമ്പനാട്ടുകായലിൽ നിന്ന് ജലമാർഗ്ഗം ഇവിടേക്ക് എളുപ്പം എത്തിച്ചേരാം എന്നതുകൊണ്ടാകാം അക്കാലത്തെ ഡച്ച് -തെക്കുംകൂർ സന്ധിസംഭാഷണങ്ങൾക്കൊക്കെ വേദിയായത് ഈ കൊട്ടാരമായിരുന്നു. ഡച്ചു ക്യാപ്റ്റനായ ബർഘാർട്ട് ഉയ്റ്റർ (Burghart Uytter) ആണ് ഇത്തവണ കരാറിൽ ഒപ്പുവച്ച ഡച്ചു പ്രതിനിധി.
ഡച്ചുകാരുമായുണ്ടായ വ്യാപാരത്തിലൂടെ തെക്കുംകൂർ സാമ്പത്തികമായി എക്കാലത്തെക്കാളും വളർച്ച നേടി. വാണിജ്യ വിഭവങ്ങളുടെ ആവശ്യകത കൂടിക്കൂടി വന്നതോടെ നാണ്യവിളകളുടെ കൃഷി വിപുലമാക്കി വിളവ് വർദ്ധിപ്പിക്കേണ്ടി വന്നു. ഇടനാട്ടിലേക്കും, ഹൈറേഞ്ചിലേയ്ക്കുമുള്ള കുടിയേറ്റങ്ങൾ പ്രോത്സാഹിപ്പിക്കപ്പെട്ടു. മുൻകാലത്ത് കാടുകളാൽ നിറഞ്ഞിരുന്ന ഇടനാട്ടിൽ ചെറിയ നാട്ടിൻപുറങ്ങൾ പ്രത്യക്ഷപ്പെട്ടു. ജലഗതാഗതത്തിനൊപ്പം കരയിലൂടെയുള്ള ചരക്കുനീക്കത്തിനായി കാളവണ്ടികൾക്ക് സഞ്ചരിക്കാവുന്ന നാട്ടുപാതകൾ രൂപം കൊണ്ടു. തിരുനക്കര ക്ഷേത്രത്തിന് ലഭിച്ച പ്രശസ്തി ക്ഷേത്രത്തിന്റെ സമീപപ്രദേശങ്ങളെ ജനവാസമേഖലയാക്കി മാറ്റി. തളിക്കോട്ടയിലും താഴത്തങ്ങാടിയിലും വല്യങ്ങാടിയിലും പുത്തനങ്ങാടിയിലും ഒതുങ്ങിനിന്ന കോട്ടയം പട്ടണം കിഴക്കോട്ട് വളരാൻ ആരംഭിച്ചു.
AD 1744 വരെയെങ്കിലും ഡച്ചുകാരുമായുള്ള വ്യാപാരക്കരാറുകൾ പുതുക്കി നിശ്ചയിച്ച് കച്ചവടബന്ധം നിലനിന്നിരുന്നു എന്നു കരുതാം. AD 1694-ൽ അന്നത്തെ തെക്കുംകൂർ രാജാവായ ഉദയമാർത്താണ്ഡവർമ്മ (ഭരണകാലം AD 1691-1716) യുമായി ചേർന്ന് ഒപ്പുവച്ച കരാർ വളരെ ചരിത്രപ്രാധാന്യമുള്ളതും തെക്കുംകൂറിന് വളരെ ഗുണകരവുമായിരുന്നു. AD 1664 മുതൽ AD 1744 വരെയുള്ള എട്ടു പതിറ്റാണ്ടുകാലത്തെ തെക്കുംകൂറിന്റെ ഡച്ചു ബന്ധങ്ങളാണ് പമ്പയ്ക്കും മീനച്ചിലാറിനുമിടയിലുള്ള പ്രദേശങ്ങളിലെ കാർഷികവികസനത്തിനും ആധുനികനാഗരികതയ്ക്കും തുടക്കമിടുന്നത്.
പരിഭാഷകരുടെ സ്കൂൾ കോട്ടയം വിടുന്നു.
ഏതാനും വർഷങ്ങൾ മാത്രമേ ഡച്ചു സ്കൂൾ നിലവിലിരുന്നുള്ളൂ. Seer Bequam Meens - The education and church under the 17th century V0C എന്ന ഗ്രന്ഥത്തിൽ Tolkens school (പരിഭാഷകർക്കായുള്ള പള്ളിക്കൂടം) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. AD 1681ൽ ഈ സ്കൂൾ ക്രിസ്റ്റഫൽ കിർഗ്ബർഗ് എന്ന ഡച്ച് പ്രതിനിധി കൊച്ചിയിലേയ്ക്ക് മാറ്റി സ്ഥാപിച്ചതായി അതിൽ പറയുന്നു. വ്യാപാര രംഗത്തും VOC യുടെ ഔദ്യോഗികരംഗത്തും ഭാഷാവിനിമയം എളുപ്പമാക്കുന്നതിനായി തുടങ്ങിയ സ്കൂൾ പതിമൂന്നു വർഷങ്ങൾ കൊണ്ട് ആ ദൗത്യം തെക്കുംകൂറിൽ പൂർത്തീകരിച്ചതുകൊണ്ടാകാം ഇവിടെ നിന്ന് മാറ്റാനിടയായത്. തെക്കുംകൂർ- ഡച്ചു ബന്ധങ്ങളിൽ വന്ന മാറ്റങ്ങൾ, പുതുതായി വന്ന രാജാവിന്റെ താൽപ്പര്യങ്ങൾ ഇവയൊക്കെയും ചിലപ്പോൾ ഇതിന് കാരണമായിട്ടുണ്ടാകാം. ഈ സ്കൂളിൽനിന്ന് പഠിച്ചിറങ്ങിയ നാട്ടുകാരായ വിദ്യാർത്ഥികളിൽ നിന്ന് ഡച്ച്, ലത്തീൻ ഭാഷകൾ പിൽക്കാലത്ത് പ്രദേശത്ത് പ്രചരിപ്പിക്കപ്പെടാതിരുന്നതും അവരുടെ പഠനസാമഗ്രികൾ ഉപദാനങ്ങളെന്ന നിലയിൽ കണ്ടെടുക്കാനാവാതിരുന്നതും ഡച്ചുസ്കൂളിനെ നാട്ടുകാർ മറക്കാനിടയാക്കി.
ഹോർത്തൂസ് മലബാറിക്കൂസ് ഇൻഡിക്കസിനായുള്ള പ്രവർത്തനങ്ങൾ .
സ്കൂൾ ആരംഭിക്കുന്നതിന് നേതൃത്വം നൽകിയ ഹെൻറിക് വാൻറീഡിന് സസ്യശാസ്ത്രരംഗത്തെ ഗ്രന്ഥരചനയ്ക്ക് ആവശ്യമായ ഭാഷാപഠനത്തിന് സ്കൂൾ വേദിയായി എന്നത് ഹെന്നിഗറുടെ ഗ്രന്ഥത്തിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ഹോർത്തൂസ് മലബാറിക്കൂസ് ഇൻഡിക്കൂസിന്റെ രചനയ്ക്കാവശ്യമായ പ്രവർത്തനങ്ങൾ കേരളത്തിൽ നടക്കുന്നത് സ്കൂൾ പ്രവർത്തിച്ചിരുന്ന അതേ കാലഘട്ടത്തിലാണ്. ഡച്ച്, ലത്തീൻ, ദേവനാഗരി, മലയാളം, അറബി എന്നീ ഭാഷകളിലാണ് സസ്യങ്ങളുടെ പേരുകൾ ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഈ ഗ്രന്ഥത്തിന്റെ പ്രവർത്തനങ്ങളിൽ മുഖ്യപങ്കു വഹിച്ച ജൊഹന്നാസ് കസേറിയസ്, ഇമ്മാനുവൽ കർണീരിയോ, വിനായക് പണ്ഡിറ്റ് എന്നിവർ സ്കൂളിന്റെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
AD 1674ൽ സ്കൂളിൽ നിന്ന് ഡിസ്റ്റിംഗ്‌ഷനോടെ പഠനം പൂർത്തിയാക്കിയ ഹെർമൻ വാൻ ഡൊണേപ് ആണ് ഈ ഗ്രന്ഥത്തിൽ ലത്തീനിൽ തർജ്ജിമ നിർവഹിച്ചിരിക്കുന്നത്. ഡൊണേപ്, വാൻറീഡിന്റെ സെക്രട്ടറിയായി നിയമിക്കപ്പെടുകയും പിൽക്കാലത്ത് കൊച്ചിയിലെ ജഡ്ജിയായി സേവനമനുഷ്ഠിക്കുകയും ചെയ്തു.
ഗ്രന്ഥത്തിന് വേണ്ടി രേഖാചിത്രങ്ങൾ രചിച്ചത് ഇറ്റാലിയൻ പുരോഹിതനായ മത്തേവൂസ് പാതിരി (Fr. Mathews of St. Joseph Seminary)യാണ്. വരാപ്പുഴ, ചാത്തോത്ത് പള്ളികളുടെ സ്ഥാപകനായ ഈ കർമ്മലീത്താ (Carmalite) പുരോഹിതൻ മലയാളിയായ ആദ്യത്തെ കത്തോലിക്ക ബിഷപ്പ് പറമ്പിൽ ചാണ്ടി മെത്രാന്റെ (Alexander de Campo) കീഴിൽ കുറവിലങ്ങാട് പള്ളിയിൽ വൈദികനായിരിക്കുമ്പോഴാണ് ചിത്രങ്ങൾ രചിക്കുന്നത്. കോട്ടയവും കുറവിലങ്ങാടും സമീപപ്രദേശങ്ങളാണെന്നത് ഇക്കാര്യം നിറവേറ്റുന്നതിന് എളുപ്പമായിരുന്നിരിക്കാം.
കണ്ടനാട്, കോട്ടയം എന്നിവിടങ്ങളിലെ ഡച്ചുകാരുടെ തോട്ടങ്ങളിൽ നട്ടുവളർത്തിയിരുന്ന വിവിധയിനം സസ്യങ്ങൾ ഗ്രന്ഥരചനയ്ക്ക് മാതൃകയായി എന്നുള്ള സൂചനകളും ലഭ്യമാണ്. അത്തരത്തിൽ കോട്ടയത്തെ ഡച്ചു സ്കൂൾ വാൻറീഡീന്റെ സ്വപ്നപദ്ധതി പൂവണിയിക്കുന്നതിന് സാഹചര്യമൊരുക്കി എന്നു കരുതാവുന്നതാണ്.
ഡച്ചു ഈസ്റ്റിന്ത്യ കമ്പനിക്ക് പൊതുവേ വാൻറീഡിന്റെ സസ്യശാസ്ത്രപഠനങ്ങളോടും ഗ്രന്ഥരചനയോടും വേണ്ടത്ര മമത ഉണ്ടാകാതിരുന്നതും വാൻറീഡ് കത്തോലിക്കനായ മത്തേവൂസ് പാതിരിയുമായി സഹകരിക്കുന്നതടക്കം മറ്റു ചില വിമർശനങ്ങൾ ഉണ്ടായതും സ്കൂളിന്റെ തിരോധാനത്തിന് മറ്റൊരു കാരണമായി എന്നു നിരീക്ഷിക്കാവുന്നതാണ്.
ഭാഷാപഠനരംഗത്ത് തുടർച്ചയുണ്ടാകാതെ പ്രദേശത്ത് യൂറോപ്യൻ ഭാഷയുടെ പിൽക്കാല സ്വാധീനമൊന്നുമുണ്ടാക്കാനാവാതെ ചരിത്രത്തിൽ തിരോഭവിച്ച ഒലന്തക്കളരി കോട്ടയത്തിന്റെ യൂറോപ്യൻഭാഷാപഠന ചരിത്രത്തിൽ ആദ്യത്തെ അടയാളപ്പെടുത്തലാണ്.
ലേഖകൻ: പള്ളിക്കോണം രാജീവ്.
(രേഖാചിത്രം: Fenn Ktm)

Comments

Popular posts from this blog

ജിദ്ദയിൽ ഭീമൻ സൈക്കിളിനെക്കുറിച്ച് അറിയാം…!!!

ജിദ്ദ : ജിദ്ദയിലെ ഫൈസലിയയിലെ ഭീമൻ സൈക്കിൾ ചിത്രത്തിലെങ്കിലും ഒരിക്കലെങ്കിലും കാണാത്തവരുണ്ടാകില്ല.
ജിദ്ദയുടെ തെരുവുകളിൽ കാണുന്ന നിരവധി ശില്പകലാരൂപങ്ങളിൽ എന്നും മുൻ പന്തിയിൽ നിൽക്കുന്നതും ഏറെ അത്ഭുതപ്പെടുത്തുന്നതുമാണു ഈ സൈക്കിൾ. ലോകത്തിലെ ഏറ്റവും വലിയ ബൈ സൈക്കിൾ എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്.നിർമ്മാണ സമയത്ത് ലോകത്തിലെ ഏറ്റവും വലിയ സൈക്കിളായി ഗിന്നസ് ബുക്കിൽ രേഖപ്പെടുത്തപ്പെട്ടിരുന്നു. 40 വർഷങ്ങൾക്ക് മുംബ്‌ സ്പാനിഷ്‌ ശിൽപി ജൂലിയോ ലവന്റെ രൂപകൽപന ചെയ്തതാണു ഈ ബൈസൈക്കിൾ . ജിദ്ദയിലെ ബവാദിയിലെ പ്രിൻസ്‌ സൗദ്‌ അൽ ഫൈസൽ സ്ടീറ്റിലാണു സൈക്കിൾ സ്ഥിതി ചെയ്യുന്നത്. 15 മീറ്ററാണു സൈക്കിളിന്റെ ഉയരം. കിംഗ് ഫഹദ് റോഡ് ( ഷാറ സിത്തീൻ ) സിഗ്നൽ രഹിതമാക്കുന്ന പദ്ധതിയിൽ പാലം നിർമ്മിച്ചപ്പോൾ ഈ സൈക്കിൾ അപ്രത്യക്ഷമാകുമെന്ന് സൈക്കിൾ പ്രേമികൾ ഭയന്നിരുന്നെങ്കിലും സൈക്കിളിൻ്റെ സ്ഥാനം മാത്രം മാറ്റി പുന:സ്ഥാപിക്കുകയാണുണ്ടായത്.
കടപ്പാട്: www.livekerala24.com

Fiddle Tab Makes Learning Fiddle Fast and Easy

Learning fiddle tab is so instinctive thus simple that an understudy gets it in a short time. This is genuine in any event, for five-year-olds.

Prior to beginning this assessment of fiddle tab, we should review what standard melodic documentation resembles. The natural spot molded notes on or between the five lines of the melodic staff speak to correct pitches of melodic notes.

The spots show the pitch. Sharp signs or level signs impact that pitch. The clef sign additionally has an impact.

Musicality images that show the general term of the notes. Other melodic phrasing, regularly Italian, shows the speed of the musicality. Allegro con brio, for instance, signifies "enthusiastic, with excitement."

Melodic documentation educates nothing concerning how to play the music on some random instrument. It is intended to be utilized with every single instrument.

Fiddle tab, then again, advises precisely what string to play and what finger to utilize. It's natural and simple to l…

രാജ്യസഭ തെരഞ്ഞെടുപ്പ് എങ്ങനെ?

കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്സ് (രാജ്യസഭ) നിലവില്‍വന്നത് 1952 ഏപ്രില്‍ മൂന്നിനാണ്. 1952 മെയ് 13ന് പേര് ഹിന്ദിയില്‍ രാജ്യസഭ എന്നാക്കി. ഡോ. എസ് രാധാകൃഷ്ണനായിരുന്നു ആദ്യ അധ്യക്ഷന്‍. എസ് വി കൃഷ്ണമൂര്‍ത്തി റാവു ആദ്യ ഡെപ്യൂട്ടി ചെയര്‍മാനുമായി. ഉപരാഷ്ട്രപതി ചെയര്‍മാനും അംഗങ്ങള്‍ക്കിടയില്‍നിന്ന് തെരഞ്ഞെടുക്കുന്നയാള്‍ വൈസ് ചെയര്‍മാനുമാകുന്നു.രാജ്യസഭയുടെ പരമാവധി അംഗസംഖ്യ 250 ആണ്. ഇപ്പോള്‍ 245 അംഗങ്ങളാണുള്ളത്. ഇവരില്‍ 233 പേരെ തെരഞ്ഞെടുക്കുകയും 12 പേരെ രാഷ്ട്രപതി നോമിനേറ്റ് ചെയ്യുകയുമാണ്. തെരഞ്ഞെടുക്കുന്നവര്‍ സംസ്ഥാനങ്ങളുടെ പ്രതിനിധികളാണ്. സംസ്ഥാന നിയമസഭാംഗങ്ങള്‍ ഒറ്റ കൈമാറ്റ വോട്ടിലൂടെയാണ് ഇവരെ തെരഞ്ഞെടുക്കുന്നത്. ഡല്‍ഹി (3), പുതുശേരി (1) എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും പ്രാതിനിധ്യമുണ്ട്. ജനസംഖ്യാ ആനുപാതികമായി ഓരോ സംസ്ഥാനത്തുനിന്നും ഉണ്ടാകേണ്ട അംഗങ്ങളുടെ എണ്ണം ഭരണഘടനയുടെ നാലാം ഷെഡ്യൂളില്‍ പറയുന്നു. ഉത്തര്‍പ്രദേശില്‍നിന്നാണ് ഏറ്റവും കൂടുതല്‍ അംഗങ്ങള്‍- 31. കേരളത്തിന് ഒമ്പത് അംഗങ്ങളുണ്ട്. ആന്ധ്രപ്രദേശില്‍നിന്ന് തെലങ്കാന വേര്‍പെട്ടപ്പോള്‍ ആന്ധ്രയില്‍നിന്ന് ആകെയുള്ള രാജ്യസഭാംഗങ്ങളടെ എണ്ണവും വിഭജിക്കപ…